സിഡ്നി: ഐക്യകേരളം രൂപംകൊണ്ടതിന്റെ എഴുപതാം വാർഷികം പ്രവാസലോകത്ത് വിപുലമായി ആഘോഷിക്കാൻ വേൾഡ് മലയാളി കൗൺസിൽ (WMC) ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ് (NSW) പ്രൊവിൻസ് ഒരുങ്ങുന്നു. 1956 നവംബർ ഒന്നിന് പിറവിയെടുത്ത കേരളം ഏഴു പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ ചരിത്രമുഹൂർത്തത്തിൽ, മലയാളത്തിന്റെ സാംസ്കാരിക-കലാ മണ്ഡലങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ഓൺലൈൻ വെബിനാറാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കമൽ, പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി, പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എന്നിവർ വെബിനാറിൽ മുഖ്യാതിഥികളായി പങ്കെടുക്കും. എഴുപതിന്റെ നിറവിലെത്തിയ കേരളത്തിന്റെ സാംസ്കാരിക വഴികളും അനുഭവങ്ങളും പങ്കുവെക്കുന്നതിനൊപ്പം പ്രവാസികൾക്ക് ഈ അതുല്യ പ്രതിഭകളുമായി നേരിട്ട് സംവദിക്കാനുള്ള സുവർണ്ണാവസരവും ഇതിലൂടെ ഒരുക്കിയിട്ടുണ്ട്.
2026 നവംബർ 1 ഞായറാഴ്ച സിഡ്നി സമയം വൈകിട്ട് ആറു മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുക. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി അസ്ലം ബഷീർ (+61 478 333 786), കിരൺ ജിനൻ (+61 435 727 693) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് വെബിനാറിൽ പങ്കെടുക്കാനുള്ള ലിങ്ക് പിന്നീട് നേരിട്ട് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

