പൈനാവ്: 2026-ലെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി.പാറ്റ് (VVPAT) യന്ത്രങ്ങളുടെയും ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലാണ് നടപടികൾ നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം (EMS) സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് റാൻഡമൈസേഷൻ പ്രക്രിയ പൂർത്തിയാക്കിയത്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങൾ ഈ ഘട്ടത്തിൽ തരംതിരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ.
ജില്ലയിലെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ച് ഉൾപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചു. റാൻഡമൈസേഷൻ പൂർത്തിയായ യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് കനത്ത സുരക്ഷയിൽ മാറ്റും. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനവും മോക്ക് പോളിംഗ് നടപടികളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

