ഭുവനേശ്വർ: കായിക ലോകം ഉറ്റുനോക്കുന്ന 2028-ലെ ലോക ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകും. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (AFI) ഈ സുപ്രധാന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.2026-ലെ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിന്റെ വേദിയായ പോളണ്ടിലെ ടോറൂണിൽ നടന്ന നിർണ്ണായക യോഗത്തിലാണ് വേൾഡ് അത്‌ലറ്റിക്സ് കൗൺസിൽ ഇന്ത്യയ്ക്ക് വേദിയനുവദിക്കാൻ തീരുമാനിച്ചത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്നാണ് പ്രാഥമിക സൂചനകൾ.ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്സ് രംഗത്തെ വലിയൊരു നേട്ടമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ഇത്തരം ഒരു മെഗാ കായിക മാമാങ്കത്തിന് വേദിയാകുന്നത് രാജ്യത്തെ കായിക മേഖലയ്ക്ക് വലിയ ഊർജ്ജം പകരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ അത്‌ലറ്റിക്സ് സൗകര്യങ്ങൾ ഭുവനേശ്വറിൽ ലഭ്യമാണെന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമായി.

