ന്യൂഡൽഹി: നടൻ കൃഷ്ണകുമാറിന്റെ പേരക്കുട്ടിയും ദിയ കൃഷ്ണയുടെ മകനുമായ നിയോം അശ്വിനെ (ഓമി) താലോലിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൃഷ്ണകുമാറും കുടുംബവും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെയുള്ള ചിത്രമാണ് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.”ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവ സുഹൃത്തിനൊപ്പം” എന്ന അടിക്കുറിപ്പോടെയാണ് മോദി കുഞ്ഞ് ഓമിയെ എടുത്തുനിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. 100 മില്യൺ ഫോളോവേഴ്സുള്ള പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം വന്നതോടെ നിമിഷങ്ങൾക്കകം ഇത് വൈറലായി.കൃഷ്ണകുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ് എന്നിവരടങ്ങുന്ന കുടുംബമാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. കുടുംബാംഗങ്ങളുമായി ഏറെ നേരം അദ്ദേഹം സംസാരിക്കുകയും ചെയ്തു. അഹാന കൃഷ്ണ, ദിയ കൃഷ്ണ തുടങ്ങിയവരെല്ലാം പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.
കൃഷ്ണകുമാറിന്റെ പേരക്കുട്ടിക്കൊപ്പം പ്രധാനമന്ത്രി; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

