ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള എസ്കിൽ (Esk) ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എസ്‌ക് ഹാംപ്ടൺ റോഡിലായിരുന്നു സംഭവം.
ബ്യൂഡെസെർട്ടിൽ നിന്നുള്ള 26 വയസ്സുകാരൻ ഓടിച്ചിരുന്ന കിയ സെറാറ്റോയും 55 വയസ്സുകാരൻ ഓടിച്ചിരുന്ന ടൊയോട്ട ക്ലൂഗറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ 26-കാരൻ മരണപ്പെട്ടു. പരിക്കേറ്റ എസ്‌ക് സ്വദേശിയായ 55-കാരനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഫോറൻസിക് ക്രാഷ് യൂണിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അപകടത്തിന്റെ കാരണം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കൂടെ യാത്ര ചെയ്തവർക്കോ അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർക്കോ എന്തെങ്കിലും വിവരങ്ങൾ നൽകാനുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

