എസ്‌യുവി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

സിഡ്‌നി: സിഡ്‌നിയിലെ സ്റ്റുവർട്ട് റോഡിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഡ്‌നി സിബിഡിയിൽ നിന്നും 45 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ധാറൂക്കിൽ വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട എസ്‌യുവി റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.

അപകടത്തെത്തുടർന്ന് വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീണ നിലയിൽ കണ്ടെത്തിയ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹം എസ്‌യുവിയിലെ യാത്രക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും പരിക്കേറ്റു. രണ്ട് പുരുഷന്മാർ, ഒരു സ്ത്രീ, രണ്ട് കൊച്ചു കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെസ്റ്റ്‌മീഡ് ആശുപത്രിയിലും വെസ്റ്റ്‌മീഡിലെ കുട്ടികളുടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റ മുതിർന്നവരുടെ നില ഗുരുതരമാണെങ്കിലും നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവസ്ഥലം പോലീസ് നിയന്ത്രണത്തിലാക്കുകയും ക്രാഷ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (CIU) അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *