റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയായ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിലേറെയായി ജിസാനിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഷെർളി. അസുഖം ഗുരുതരമായതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് മരണസമയത്ത് ഷെർളിക്കൊപ്പമുണ്ടായിരുന്നു. ഭർത്താവ് ജോബിൻ നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഷെർളിയുടെ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

