മസ്‌കറ്റ്: ഒമാനിലുണ്ടായ ശക്തമായ പ്രളയത്തിൽപ്പെട്ട് കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഈ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. യൂസഫിന്റെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിലുണ്ടായ പ്രളയത്തിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. സാഹചര്യം കണക്കിലെടുത്ത് എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

