ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി 100 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വഡോദരയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ലോക്സഭാ പ്രസംഗത്തെ ചോദ്യം ചെയ്ത രാഹുൽ, പ്രസംഗത്തിലുടനീളം അമേരിക്കയെക്കുറിച്ച് പരാമർശിക്കാതിരുന്നത് ബോധപൂർവമാണെന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് അമേരിക്കയോട് വിധേയത്വമുണ്ടെന്നും അതുകൊണ്ടാണ് പാർലമെന്റിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറാകാത്തതെന്നും രാഹുൽ പറഞ്ഞു. 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അമേരിക്കയ്ക്കെതിരെ ഒരു വാക്ക് പോലും പറയാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളെയും രാഹുൽ വിമർശിച്ചു. അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര ക്രമീകരണങ്ങൾ ഇന്ത്യൻ കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. വിദേശനയത്തിലും സാമ്പത്തിക നയത്തിലും മോദി സർക്കാർ അമേരിക്കൻ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന വിമർശനമാണ് രാഹുൽ ഉയർത്തുന്നത്.

