വിജയിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെ അപകടം: കോളേജ് വിദ്യാർത്ഥി മരിച്ചു

തിരുച്ചിറപ്പള്ളി: തമിഴ് വെട്രി കഴകം (TVK) നേതാവും നടനുമായ വിജയിയുടെ വാഹനത്തെ പിന്തുടരുന്നതിനിടെ അപകടത്തിൽപ്പെട്ട കോളേജ് വിദ്യാർത്ഥി മരിച്ചു. തിരുച്ചിറപ്പള്ളി കീളക്കൽക്കണ്ടർകോട്ടൈ സ്വദേശിയായ വിഘ്നേഷ് (19) ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച അന്തരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയായിരുന്നു വിഘ്നേഷ്.

കഴിഞ്ഞ മാർച്ച് 4-ന് ആയിരുന്നു അപകടം നടന്നത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ വിജയ്, തഞ്ചാവൂരിലെ സെംഗിപ്പട്ടിയിലേക്ക് പോകുന്നതിനിടെ ആരാധകർ അദ്ദേഹത്തിന്റെ വാനിനെ ബൈക്കുകളിൽ പിന്തുടർന്നിരുന്നു. ഹൈവേയിലൂടെ പോവുകയായിരുന്ന വിജയിയുടെ വാഹനത്തെ പിൻതുടരുന്നതിനിടെ, വിഘ്നേഷ് സഞ്ചരിച്ച ബൈക്ക് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ വിഘ്നേഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തഞ്ചാവൂരിലെയും പിന്നീട് തിരുച്ചിറപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ വിഘ്നേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *