സിഡ്നി: ഓസ്ട്രേലിയയുടെ സാമ്പത്തിക തലസ്ഥാനമായ സിഡ്നിയിലെ ബിസിനസ് രംഗത്ത് ഇന്ത്യൻ വംശജരായ കുടിയേറ്റക്കാർ നിർണ്ണായക സ്വാധീനമുറപ്പിക്കുന്നു. ന്യൂ സൗത്ത് വെയിൽസിൽ പുതുതായി ആരംഭിക്കുന്ന ബിസിനസുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി ഇന്ത്യൻ വംശജർ മാറിയെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ന്യൂ സൗത്ത് വെയിൽസിൽ രജിസ്റ്റർ ചെയ്ത അഞ്ച് പുതിയ ബിസിനസുകളിൽ ഒന്ന് വീതം ആരംഭിച്ചത് ഇന്ത്യൻ വംശജരാണ്.ഐടി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ലോജിസ്റ്റിക്സ്,പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലകളിലാണ് ഇന്ത്യൻ സംരംഭകർ കൂടുതൽ സജീവമാകുന്നത്.ചെറുകിട ബിസിനസ് മേഖലയിലെ ഈ ഉണർവ് സിഡ്നിയിലും പരിസര പ്രദേശങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.അന്താരാഷ്ട്ര തലത്തിലുള്ള പ്രവൃത്തിപരിചയം, മികച്ച വിദ്യാഭ്യാസം, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനോഭാവം എന്നിവയാണ് ഇന്ത്യൻ കുടിയേറ്റക്കാരുടെ വിജയത്തിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കുടുംബം നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾ മുതൽ അത്യാധുനിക ടെക് സ്റ്റാർട്ടപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു.ഓസ്ട്രേലിയയിലെ വൈവിധ്യമാർന്ന ബിസിനസ് സംസ്കാരം പുതിയ ഊർജ്ജമാണ് ഈ മാറ്റം നൽകുന്നത് അന്താരാഷ്ട്ര വിദ്യാർത്ഥികളായും വിദഗ്ധ തൊഴിലാളികളായും എത്തുന്നവർ പിന്നീട് സ്വന്തം നിലയിൽ ബിസിനസ് കെട്ടിപ്പടുക്കാൻ താല്പര്യം കാണിക്കുന്നത് ഓസ്ട്രേലിയയുടെ കുടിയേറ്റ നയങ്ങളുടെ വിജയമായും വിലയിരുത്തപ്പെടുന്നു.വരും വർഷങ്ങളിലും സ്റ്റാർട്ടപ്പ്, റീട്ടെയിൽ മേഖലകളിൽ ഇന്ത്യൻ സമൂഹത്തിന്റെ സാമ്പത്തിക സ്വാധീനം കൂടുതൽ വിപുലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

