മരണാനന്തരവും മറ്റുള്ളവരിലൂടെ ഹരീഷ് റാണ ജീവിക്കും; വൃക്കകളും കരളും ദാനം ചെയ്തു

ന്യൂഡൽഹി: ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയതിനെത്തുടർന്ന് അന്തരിച്ച ഹരീഷ് റാണയുടെ (32) അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ രണ്ട് വൃക്കകളും കരളുമാണ് കുടുംബത്തിന്റെ സമ്മതപ്രകാരം എയിംസിലെ (AIIMS) ഡോക്ടർമാർ വിജയകരമായി ശേഖരിച്ചത്.തന്റെ മകൻ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കൾ ഈ ഉദാത്തമായ തീരുമാനമെടുത്തത്. 13 വർഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഹരീഷ്, ചൊവ്വാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മരണശേഷം ഉടൻ തന്നെ എയിംസിലെ വിദഗ്ധ സംഘം അവയവങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.രോഗാവസ്ഥയിലായിരുന്നെങ്കിലും ഹരീഷിന്റെ വൃക്കകളും കരളും പ്രവർത്തനക്ഷമമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ദാനം ചെയ്ത ഈ അവയവങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മൂന്ന് പേർക്ക് പുതിയ ജീവിതം നൽകും. മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമാകാൻ ഹരീഷിന് കഴിഞ്ഞത് വലിയൊരു സന്ദേശമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *