തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രണ്ട് പ്രധാന പൊതുസമ്മേളനങ്ങളിലാകും അദ്ദേഹം പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗങ്ങൾ ചേർന്നു.കേരളത്തിൽ ഇത്തവണ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആവേശം പകരുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ.ഡി.എ ഘടകകക്ഷി നേതാക്കളും ചടങ്ങുകളിൽ സംബന്ധിക്കും.

