തീവ്ര ചുഴലിക്കാറ്റ് നരേൽ, വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത; കാറ്റഗറി 5 ലേക്ക് ഉയരാൻ സാധ്യത

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്തേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ‘നരേൽ’ (Narelle) ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് കാറ്റഗറി 4-ലേക്ക് ഉയർന്നതോടെ സംസ്ഥാനത്തിന്റെ തീരമേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ കാരാത്തയ്ക്ക് (Karratha) വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ്, വെള്ളിയാഴ്ചയോടെ കാറ്റഗറി 5-ലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM) മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 230 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും കനത്ത മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്.

പോർട്ട് ഹെഡ്‌ലാന്റ് മുതൽ ഡെൻഹാം വരെയുള്ള തീരദേശവാസികൾക്കും പന്നവോണിക്ക, ഗാസ്കോയിൻ ജംഗ്ഷൻ തുടങ്ങിയ ഉൾപ്രദേശങ്ങളിലുള്ളവർക്കും ചുഴലിക്കാറ്റ് മുന്നറിയിപ്പ് (Warning) നൽകിയിട്ടുണ്ട്. ജെറാൾഡ്ടൺ മുതൽ പെർത്ത് വരെയുള്ള തെക്കൻ മേഖലകൾ നിരീക്ഷണ വലയത്തിലാണ് (Watch zone).

പിൽബറ, ഗാസ്കോയിൻ മേഖലകളിൽ 200 മില്ലിമീറ്ററിലധികം മഴ ലഭിക്കാനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (Flash flooding) സാധ്യതയുണ്ട്. പെർത്ത് നഗരത്തിലും ഈ വാരന്ത്യത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പല പൊതുപരിപാടികളും മാറ്റിവെച്ചു. പോർട്ട് ഹെഡ്‌ലാന്റ് വിമാനത്താ വളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. പ്രധാന റോഡുകളും തുറമുഖങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ക്വീൻസ്‌ലാന്റ്, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ നാശം വിതച്ച ശേഷമാണ് നരേൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്തെത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ കരതൊടുന്ന അപൂർവ്വ പ്രതിഭാസമായി ഈ ചുഴലിക്കാറ്റ് മാറിയിരിക്കുകയാണ്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രീമിയർ റോജർ കുക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഷാർക്ക് ബേ (Shark Bay) മേഖലയിലുള്ള വിനോദസഞ്ചാരികളോട് എത്രയും വേഗം പ്രദേശം ഒഴിഞ്ഞുപോകാാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *