വെള്ളപ്പൊക്കം, ഐക്കണിക് സംഗീത നിശ ‘ബിഗ് റെഡ് ബാഷ്’ റദ്ദാക്കി; നിരാശയിൽ ആയിരക്കണക്കിന് ആരാധകർ

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ വിഖ്യാത സംഗീത മാമാങ്കമായ ‘ബിഗ് റെഡ് ബാഷ്’ (Big Red Bash) ഔട്ട്ബാക്ക് മേഖലയിലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് റദ്ദാക്കി. ബേർഡ്‌സ്‌വിൽ (Birdsville) മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പരിപാടിയുടെ വേദിയാകെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് സംഘാടകർ ഈ കടുത്ത തീരുമാനമെടുത്തത്. ഇതോടെ 2026-ലെ ഈ സംഗീത നിശ പൂർണ്ണമായും ഉപേക്ഷിച്ചു.

വേദി മാറ്റുന്നതിനെക്കുറിച്ച് സംഘാടകർ ഗൗരവമായി ആലോചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്ന് ബിഗ് റെഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗ്രെഗ് ഡൊനോവൻ വ്യക്തമാക്കി. “പ്രകൃതിയാണ് എല്ലാത്തിനും മുകളിലെന്നും അവളുടെ സന്ദേശം ഞങ്ങൾ ഉൾക്കൊള്ളുന്നുവെന്നും” അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിലേറെയായി സിംപ്‌സൺ മരുഭൂമിയുടെ അതിരുകളിൽ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചിരുന്ന ഈ ത്രിദിന പരിപാടി ഇത്തവണ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയ ശേഷമാണ് റദ്ദാക്കുന്നത്.

മിസ്സി ഹിഗ്ഗിൻസ്, ഹൂഡൂ ഗുരുസ്, ജെസീക്ക മൗബോയ്, ഷാനൺ നോൾ തുടങ്ങി പ്രശസ്തരായ നിരവധി കലാകാരന്മാരുടെ വലിയ നിര തന്നെ ഇത്തവണ അണിനിരക്കേണ്ടതായിരുന്നു. എന്നാൽ നിരാശപ്പെടേണ്ടതില്ലെന്നും ഇതേ കലാകാരന്മാരെ ഉൾപ്പെടുത്തി 2027-ൽ വിപുലമായി പരിപാടി നടത്തുമെന്നും സംഘാടകർ അറിയിച്ചു. ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ ലഭിക്കാനോ അല്ലെങ്കിൽ 2027-ലെ പരിപാടിയിലേക്കോ ഓഗസ്റ്റിൽ നടക്കുന്ന ബ്രോക്കൺ ഹിൽ മുണ്ടി മുണ്ടി ബാഷിലേക്കോ ടിക്കറ്റുകൾ മാറ്റാനോ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *