ടൗൺസ്‌വിൽ: അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ ഹിന്ദു മലയാളീസ്, ഓസ്‌ട്രേലിയ (ആത്മ) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒൻപത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷപരിപാടികൾ ഭക്തിസാന്ദ്രമായി സമാപിച്ചു. ദേവീപൂജകൾ, ഭജനകൾ, പ്രസാദമൂട്ട് തുടങ്ങി വൈവിധ്യമാർന്ന ചടങ്ങുകളാൽ സമ്പന്നമായ ആഘോഷം വൻ ജനപങ്കാളിത്തം കൊണ്ടും ഭക്തിനിർഭരമായ അന്തരീക്ഷം കൊണ്ടും ശ്രദ്ധേയമായി.
ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലും നോർത്ത് ക്വീൻസ്‌ലൻഡ് ഹിന്ദു കമ്മ്യൂണിറ്റി കേന്ദ്രത്തിലുമായി നടന്ന നവരാത്രി ആഘോഷങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ സജീവമായി പങ്കെടുത്തു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ഹൈന്ദവ പൈതൃകത്തിന്റെ മഹത്വം അടുത്ത തലമുറയിലേക്ക് പകർന്നുനൽകാനും പ്രവാസലോകത്തെ ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ട ഒന്നാണെന്ന് സംഘാടകർ വ്യക്തമാക്കി.

വിജയദശമി ദിനമായ ബുധനാഴ്ച നടന്ന വിദ്യാരംഭച്ചടങ്ങുകൾ ആഘോഷങ്ങൾക്ക് കൂടുതൽ പവിത്രത പകർന്നു. കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ച് അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ചടങ്ങിൽ നിരവധി കുടുംബങ്ങൾ പങ്കുചേർന്നു. തുടർന്ന് ഗീതാസ് നാട്യാലയ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറി. കലയും വിശ്വാസവും സംസ്കാരവും സമന്വയിച്ച ഒൻപത് ദിവസത്തെ ആഘോഷം, പ്രവാസജീവിതത്തിലും മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക സ്വത്വവും ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
റിപ്പോര്‍ട്ട്:ബിസി തോപ്പിൽ

