പെർത്ത്: തീവ്രത കുറഞ്ഞ് ‘നരെല്ലി’ ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയെങ്കിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ അവശേഷിപ്പിച്ചത് വൻ നാശനഷ്ടങ്ങൾ. പെർത്തിൽ നിന്നും 1200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ എക്സ്മൗത്തിലാണ് കാറ്റ് കടുത്ത നാശം വിതച്ചത്. നിലവിൽ ഈ പ്രദേശം പൂർണ്ണമായും വൈദ്യുതിയും ശുദ്ധജലവുമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ്.
നാലാം വിഭാഗത്തിൽപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായിരുന്ന നരെല്ലി, മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലുള്ള കാറ്റും 350 മില്ലീമീറ്റർ മഴയുമാണ് എക്സ്മൗത്തിൽ പെയ്യിച്ചത്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നഗരത്തിലേക്കുള്ള ഏക ഗതാഗതമാർഗ്ഗമായ റോഡ് തടസ്സപ്പെട്ടു. കൂടാതെ, എക്സ്മൗത്ത് വിമാനത്താവളം കാറ്റിൽ തകർന്നു തരിപ്പണമായതോടെ വ്യോമഗതാഗതവും പൂർണ്ണമായും നിലച്ചു. റൺവേയ്ക്കും ടെർമിനലിനും ഉണ്ടായ കേടുപാടുകൾ കാരണം വിമാനങ്ങൾ ഇറക്കാനോ സാധനങ്ങൾ എത്തിക്കാനോ നിലവിൽ മാർഗ്ഗമില്ല.
നഗരം ഇപ്പോൾ ഒരു “യുദ്ധക്കളം” പോലെയാണെന്ന് ഷെയർ പ്രസിഡന്റ് മാത്യു നിക്കുള പറഞ്ഞു. ജനവാസ മേഖലകളിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും കെട്ടിടങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. “പെട്ടെന്നുണ്ടായ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ പകുതി മേൽക്കൂരയും കാറ്റെടുത്തു കൊണ്ടുപോയത് ഞാൻ തിരിച്ചറിഞ്ഞത്,” പ്രാദേശിക താമസക്കാരനായ ബ്രോക്ക് കെയ്‌മർ തന്റെ അനുഭവം പങ്കുവെച്ചു.
ഭക്ഷ്യവസ്തുക്കൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും നഗരത്തിൽ ഇപ്പോൾ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കാറ്റിനെ നേരിടാനുള്ള മുൻകരുതലായി ജനങ്ങൾ സാധനങ്ങൾ വാരിക്കൂട്ടിയതും വിതരണ ശൃംഖല തടസ്സപ്പെട്ടതുമാണ് ഇതിന് കാരണം. നിലവിൽ തെക്കൻ സമുദ്രത്തിലേക്ക് നീങ്ങുന്ന നരെല്ലിയുടെ ശക്തി കുറഞ്ഞുവരികയാണ്. എങ്കിലും തകർന്നടിഞ്ഞ നഗരത്തെ പൂർവ്വസ്ഥിതിയിലാക്കുക എന്നത് അധികൃതർക്കും ജനങ്ങൾക്കും വലിയ വെല്ലുവിളിയായി തുടരുന്നു.

