ഇന്ധന നികുതി കുറച്ചു; ഓസ്‌ട്രേലിയയിൽ പെട്രോൾ വിലയിൽ വൻ ഇളവ് വരുന്നു

ക്യാൻബറ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, സാധാരണക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി. രാജ്യത്തെ ഇന്ധന നികുതിയായ ‘ഫ്യുവൽ എക്സൈസ് മൂന്ന് മാസത്തേക്ക് പകുതിയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പെട്രോൾ വിലയിൽ ലിറ്ററിന് 26.3 സെന്റ് വരെ കുറവുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

നികുതി ഇളവ് സംബന്ധിച്ച നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ധനവിലയിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, നിലവിൽ ഉയർന്ന നികുതി നൽകി സംഭരിച്ചിട്ടുള്ള ഇന്ധനം വിറ്റുതീർന്നതിന് ശേഷം മാത്രമേ പല പമ്പുകളിലും പുതിയ കുറഞ്ഞ നിരക്ക് ലഭ്യമായിത്തുടങ്ങൂ. കൂടുതൽ ഇന്ധന വിറ്റുവരവുള്ള വലിയ സ്റ്റേഷനുകളിൽ മാറ്റം വേഗത്തിൽ പ്രകടമായേക്കാം. 65 ലിറ്റർ ശേഷിയുള്ള ഒരു ടാങ്ക് പെട്രോൾ അടിക്കുമ്പോൾ ശരാശരി 19 ഡോളറോളം ലാഭിക്കാൻ ഈ ഇളവിലൂടെ സാധിക്കുമെന്ന് ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് അൺലെഡഡ് പെട്രോളിന് ലിറ്ററിന് 2.53 ഡോളറും ഡീസലിന് 3 ഡോളറിന് മുകളിലുമാണ് വില. ഇത് കർഷകരെയും ചരക്ക് ഗതാഗത മേഖലയെയും സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനായി ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന ‘ഹെവി റോഡ് വെഹിക്കിൾ യൂസർ ചാർജ്’ (ലിറ്ററിന് 32.6 സെന്റ്) മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.

മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ഓയിൽ വില ബാരലിന് 115 ഡോളറായി ഉയർന്നതാണ് ഓസ്‌ട്രേലിയയെയും ബാധിച്ചത്. സംഘർഷത്തിന് മുൻപ് ഇത് 65 ഡോളർ മാത്രമായിരുന്നു. കടൽമാർഗമുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതും വില വർധനവിന് കാരണമായിട്ടുണ്ട്. നിലവിൽ ഇന്ധനക്ഷാമം ഇല്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും, വില ഇനിയും കൂടുമെന്ന ഭീതിയിൽ ജനങ്ങൾ ഇന്ധനം പൂഴ്ത്തിവെക്കുന്നത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വിതരണ തടസ്സത്തിന് ഇടയാക്കുന്നുണ്ട്. ലോക വിപണിയിലെ എണ്ണവില സർക്കാരിന്റെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അതിനാൽ നികുതി ഇളവിലൂടെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *