തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ചിക്കൻ മന്തിയിൽ മൃഗക്കൊഴുപ്പ് ചേർത്ത് വിൽപന നടത്തുന്നതായി കണ്ടെത്തി. ചിക്കൻ മന്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് മന്തി തയ്യാറാക്കി നൽകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ വ്യക്തമാക്കി.
നഗരത്തിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാർ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. താലൂക്ക് ഓഫീസ് കന്റീനിൽ ചിക്കൻ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെക്കുന്നതായും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി.
മാർക്കറ്റിലെ ഒരു കടയിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കന്റീൻ, ബ്ലോക്ക് ഓഫീസ് കന്റീൻ, തൈക്കാടൻ മെസ്, കക്കാട് ഹോട്ടൽ ഷാജി, തിരൂരങ്ങാടി അറേബ്യൻ മജ്ലിസ്, ബസ് സ്റ്റാൻഡിലെ ന്യൂ ലെവൽ ബേക്കറി എന്നിവയുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. നിയമലംഘനം കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കും നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിൽ ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. സ്മിത, എസ്. ശ്രീജി, കെ. വിജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

