ക്യാൻബറ: ഓസ്ട്രേലിയയിൽ ശൈത്യകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ കേസുകൾ കുത്തനെ ഉയരുന്നു. 2026-ന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 24,800 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ റെക്കോർഡ് മരണനിരക്കും ആശുപത്രികളിലെ തിരക്കും ആവർത്തിക്കാതിരിക്കാൻ ഉടൻ തന്നെ വാക്സിനേഷൻ എടുക്കണമെന്ന് റോയൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ജിപിസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
5,02,972 പേർക്ക് രോഗം ബാധിക്കുകയും 1,738 പേർ മരിക്കുകയും ചെയ്ത 2025, ചരിത്രത്തിലെ ഏറ്റവും മോശം ഫ്ലൂ വർഷമായിരുന്നു. അന്ന് രോഗികളുടെ എണ്ണം വർധിച്ചത് ആശുപത്രികളുടെ പ്രവർത്തനത്തെയും ആംബുലൻസ് സേവനങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ മാതാപിതാക്കളും സർക്കാരുകളും അതീവ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് ഡോ. മൈക്കൽ റൈറ്റ് മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയ ഇൻഫ്ലുവൻസ എ (H3N2)-ന്റെ തീവ്രവ്യാപന ശേഷിയുള്ള ‘സൂപ്പർ-കെ’ എന്ന പുതിയ വകഭേദം ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളിൽ മാരകമായേക്കാവുന്ന ഈ വൈറസ് വളരെ വേഗത്തിൽ പടരുന്ന സ്വഭാവമുള്ളതാണ്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 2,700-ലധികം അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.
കുട്ടികളിലെ വാക്സിനേഷൻ സുഗമമാക്കുന്നതിന് ചില സംസ്ഥാനങ്ങളിൽ സൂചിയില്ലാത്ത ‘ഇൻട്രാ നേസൽ’ വാക്സിനുകൾ ലഭ്യമാക്കിയിട്ടുണ്ട്.എൻ.എസ്.ഡബ്ല്യു, ക്വീൻസ്ലൻഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവടങ്ങളില്‍2 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് മൂക്കിലൂടെ നൽകുന്ന ഈ സ്പ്രേ വാക്സിൻ ലഭ്യമാണ്.വെസ്റ്റേൺ ഓസ്ട്രേലിയയില്‍ ഇവിടെ 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
സാധാരണ വാക്സിനുകൾക്ക് തുല്യമായ സുരക്ഷ നൽകുന്ന ഈ സ്പ്രേ രീതി, സൂചിയോടുള്ള പേടി കാരണം വാക്സിനേഷൻ ഒഴിവാക്കുന്നത് തടയാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലാ മുതിർന്നവരും വർഷത്തിലൊരിക്കൽ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

