കുട്ടികളുടെ സുരക്ഷയിൽ വീഴ്ച; മെൽബണിലെ ചൈൽഡ് കെയർ സെന്റർ അടച്ചുപൂട്ടാൻ ഉത്തരവ്

മെൽബൺ: മെൽബണിലെ വെരിബിയിലുള്ള ‘മൈൽസ്റ്റോൺസ് ഏർലി ലേണിംഗ്’എന്ന ചൈൽഡ് കെയർ സെന്റർ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് വിക്ടോറിയൻ ഏർലി ചൈൽഡ്ഹുഡ് റെഗുലേറ്ററി അതോറിറ്റി ആണ് 90 ദിവസത്തെ സസ്പെൻഷൻ നോട്ടീസ് നൽകിയത്.

അതോറിറ്റി നടത്തിയ പരിശോധനയിൽ കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒട്ടേറെ പോരായ്മകൾ കണ്ടെത്തി പൊട്ടിയ ഫർണിച്ചറുകൾ, പുറത്തു കാണാവുന്ന രീതിയിലുള്ള ഇലക്ട്രിക് വയറുകൾ, പൊളിഞ്ഞ പെയിന്റ്, തകരാറിലായ വാതിൽ പൂട്ടുകൾ എന്നിവ കണ്ടെത്തി. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ യാതൊരു മേൽനോട്ടവുമില്ലാതെ മുറികളിൽ തനിച്ചാക്കിയ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. നിയമപ്രകാരം റിപ്പോർട്ട് ചെയ്യേണ്ട പല സുപ്രധാന സംഭവങ്ങളും അധികൃതരെ അറിയിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തി.കളിക്കാനുള്ള ഉപകരണങ്ങളും പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു. കൂടാതെ കുഞ്ഞുങ്ങളുടെ ഉറക്കവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിരുന്നില്ല.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജോഷ്വാ ബ്രൗൺ നേരത്തെ ജോലി ചെയ്തിരുന്ന 23 സെന്ററുകളിൽ ഒന്നാണിത്. 2024 ഓഗസ്റ്റിൽ മൂന്ന് ദിവസം ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നു. എന്നാൽ ഈ സെന്ററിൽ വെച്ച് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തതായി നിലവിൽ ആരോപണമില്ല. ഈ കേസിനെ ത്തുടർന്ന് രൂപീകരിച്ച പുതിയ റെഗുലേറ്ററി അതോറിറ്റിയായ VECRA നടത്തുന്ന കർശന പരിശോധനയുടെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

ഏപ്രിൽ 13 മുതൽ 90 ദിവസത്തേക്കാണ് സെന്റർ അടച്ചിടുക. ഈ കാലയളവിനുള്ളിൽ സുരക്ഷാ സംവിധാ നങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം ഡോളറിലധികം പിഴയും സ്ഥിരമായി അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളും സ്ഥാപനം നേരിടേണ്ടി വരും. വീഴ്ചകൾ സമ്മതിച്ച ഉടമസ്ഥരായ അഫിനിറ്റി എഡ്യൂക്കേഷൻ ഗ്രൂപ്പ് രക്ഷിതാക്കളോടും ജീവനക്കാരോടും മാപ്പ് ചോദിച്ചു. നിലവിൽ അവിടെയുള്ള കുട്ടികൾക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും പോരായ്മകൾ പരിഹരിക്കുമെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *