ഇന്ധനപ്രതിസന്ധിക്കിടെ ക്വീൻസ്‌ലൻഡിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നു; ദുഃഖവെള്ളി മുതൽ യാത്രാദുരിതം

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിൽ ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ, കാറുകൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കാൻ ഒരുങ്ങുന്ന ക്വീൻസ്‌ലൻഡിലെ യാത്രക്കാർക്ക് തിരിച്ചടിയായി വ്യാപകമായ ട്രെയിൻ നിയന്ത്രണങ്ങൾ വരുന്നു. ഏപ്രിൽ മാസത്തിൽ സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലൻഡിലെ ഭൂരിഭാഗം റെയിൽ സർവീസുകളെയും ബാധിക്കുന്ന വിധത്തിൽ ട്രാക്കുകൾ അടച്ചിടുമെന്ന് ട്രാൻസ്‌ലിങ്ക് (Translink) മുന്നറിയിപ്പ് നൽകി.

ഈ ആഴ്ച ദുഃഖവെള്ളി മുതൽ ഏപ്രിൽ 26 ഞായറാഴ്ച വരെ റെയിൽ ശൃംഖലയിൽ പ്രധാന മാറ്റങ്ങളുണ്ടാകും. ക്രോസ് റിവർ റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് നിയന്ത്രണം. ഏപ്രിൽ 11 വരെ എയർപോർട്ട്, ബീൻലീ, കാബൂൾച്ചർ, ഡൂംബെൻ, ഗോൾഡ് കോസ്റ്റ്, റെഡ്ക്ലിഫ് പെനിൻസുല, ഷോൺക്ലിഫ്, സൺഷൈൻ കോസ്റ്റ് ലൈനുകളിൽ സമയക്രമത്തിൽ മാറ്റമോ ഭാഗികമായ അടച്ചിടലോ ഉണ്ടാകും. ഇതിൽ ബീൻലീ, ഗോൾഡ് കോസ്റ്റ് ലൈനുകളിലെ നിയന്ത്രണം ഏപ്രിൽ 26 വരെ നീണ്ടുനിൽക്കും. അൻസാക് ദിന ചടങ്ങുകളെയും എൻ.ആർ.എൽ (NRL), എ.എഫ്.എൽ (AFL) മത്സരങ്ങളെയും ഈ ഗതാഗത തടസ്സം ബാധിച്ചേക്കാം.

അതേ സമയം ട്രെയിനുകൾ തടസ്സപ്പെടുന്ന റൂട്ടുകളിൽ യാത്രക്കാർക്കായി ബസ് സർവീസുകൾ ഏർപ്പെടുത്തും. എന്നാൽ സാധാരണ യാത്രാസമയത്തേക്കാൾ കൂടുതൽ സമയം ഇതിനായി വേണ്ടിവരുമെന്നും യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. പൊതുഗതാഗത ശൃംഖലയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും യാത്രാ രീതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഗതാഗത വകുപ്പ് വക്താവ് അറിയിച്ചു.

വിക്ടോറിയ, ടാസ്മാനിയ തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധനവില വർധന കണക്കിലെടുത്ത് സൗജന്യ പൊതുഗതാഗതം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ക്വീൻസ്‌ലൻഡിൽ അതിന് സാധ്യതയില്ല. നിലവിൽ ട്രാൻസ്‌ലിങ്ക് സർവീസുകളിൽ ടിക്കറ്റ് നിരക്ക് 50 സെന്റായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാലാണ് കൂടുതൽ ഇളവുകൾ നൽകാത്തത്.

രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 2.60 ഡോളറിനോട് അടുക്കുകയാണ്. ഡീസൽ വില 3 ഡോളറിന് മുകളിലെത്തി. ഇന്ധന നികുതി പകുതിയായി കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും ഇതിന്റെ ഗുണം പമ്പുകളിൽ ലഭ്യമാകാൻ ദിവസങ്ങളെടുത്തേക്കും. പഴയ നിരക്കിൽ വാങ്ങിയ ഇന്ധനം വിറ്റുതീർന്നാൽ മാത്രമേ കുറഞ്ഞ നിരക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങൂ. ഇന്ധനവിലയിൽ നിന്ന് രക്ഷനേടാൻ ട്രെയിനുകളെ ആശ്രയിക്കുന്നവർക്ക് റെയിൽവേയിലെ ഈ നിയന്ത്രണങ്ങൾ വലിയ വെല്ലുവിളിയാകും.

Leave a Reply

Your email address will not be published. Required fields are marked *