ഇറാനെതിരായ സൈനിക നടപടികൾ തുടരും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ സൈനിക നടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കുന്നതിനുള്ള നീക്കങ്ങൾ തുടരുമെന്ന് ചൊവ്വാഴ്ച നടത്തിയ ടെലിവിഷൻ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.​”ഞങ്ങൾക്ക് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു, ഞങ്ങൾ പ്രവർത്തിച്ചു,” നെതന്യാഹു പറഞ്ഞു. ഇറാനിലെ ‘ഭീകര ഭരണകൂടത്തിന്’ എതിരെ തങ്ങൾ ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ദൗത്യത്തിൽ ഇസ്രയേൽ ഉറച്ചുനിൽക്കുകയാണെന്നും ഇതിനോടകം തന്നെ മിഡിൽ ഈസ്റ്റിന്റെ മുഖച്ഛായ മാറ്റിമറിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.​യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെന്നും എന്നാൽ സംഘർഷം ആവർത്തിക്കില്ലെന്ന് ഉറപ്പ് വേണമെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയത്. സമാധാനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും ഇറാനെ ലക്ഷ്യം വച്ചുള്ള സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *