കേരള നിയമസഭാ തിരഞ്ഞെടുപ്പ്, മെൽബണിലും ആവേശമുയർത്തി പ്രവാസി മലയാളികൾ; ‘നമുക്ക് രാഷ്ട്രീയം പറയാം’ സംഗമം ശനിയാഴ്ച

മെൽബൺ: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ, രാഷ്ട്രീയ ചർച്ചകളുമായി മെൽബണിലെ മലയാളി സമൂഹവും സജീവമാകുന്നു. പ്രവാസലോകത്താണെങ്കിലും കേരളത്തിലെ ഓരോ രാഷ്ട്രീയ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന മെൽബൺ മലയാളികൾ, ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ പങ്കുവെക്കാൻ ഒത്തുചേരുന്നു.

ഏപ്രിൽ 4 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൽഗ്രേവ് സതേൺ കമ്മ്യൂണിറ്റി സെന്ററിലാണ് ‘നമുക്ക് രാഷ്ട്രീയം പറയാം’ എന്ന പേരിൽ രാഷ്ട്രീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുൻ ഭാരവാഹികൾ, പാർലമെന്ററി രംഗത്ത് പ്രവർത്തി പരിചയമുള്ളവർ, പ്രമുഖ രാഷ്ട്രീയ പോഷക സംഘടനകളുടെ ഓസ്‌ട്രേലിയൻ ചാപ്റ്റർ പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളാകും.

ഭരണതുടർച്ചയ്ക്കായി ഇടതുമുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടം നടത്തുന്ന പശ്ചാത്തലത്തിൽ, വിദേശമലയാളികളുടെ രാഷ്ട്രീയ ബോധവും പ്രതികരണങ്ങളും ഈ സംഗമത്തിൽ ചർച്ചയാകും. കേരളത്തിന്റെ ഭാവി ഭരണം ആര് കൈയ്യാളണം എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾക്കും വിശകലനങ്ങൾക്കും ഈ വേദി സാക്ഷ്യം വഹിക്കും. മെൽബണിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി മലയാളികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *