ജക്കാർത്ത: ഇന്തോനേഷ്യയിലെ തനിംബാർ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഇന്തോനേഷ്യയിലെ അംബോൺ നഗരത്തിന് തെക്ക് കിഴക്കായി സമുദ്രത്തിനടിയിൽ 100 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം കടലോര പ്രദേശങ്ങളിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

