സൈതാലിക്കാ കഥകൾ

ഇലക്ഷൻ ഇങ്ങെത്തിയപ്പോൾ സൈതാലിക്കയുടെ ചായക്കട വീണ്ടും സജീവമായി. പുളിമരത്തിൻ്റെയും മാവിൻ്റെയും വിറക് കൂട്ടി കത്തിക്കുന്ന കല്ലടുപ്പായതിനാൽ ഗ്യാസിൻ്റെ ക്ഷാമവും ഗ്യാസിന് വില കൂടിയതും ഒന്നും സൈതാലിക്കയെയോ അവിടുത്തെ സ്ഥിരം പറ്റുകാരെയോ ബാധിച്ചിട്ടില്ല.

നമ്മടെ മാരാത്തെ ചന്ദ്രൻ വിഷൂന് നാട്ടിൽ വന്നിട്ടുണ്ടത്രെ, 5 കൊല്ലായി കുട്ടി നാട്ടിന്ന് പോയിട്ട്, എവിടെ എന്താന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരു കാജാ ബീഡിക്ക് തീപ്പെട്ടി കൊള്ളി കത്തിച്ച് സുലൈമാനാണ് ആദ്യം ചായക്കട ചർച്ചക്ക് തീ പകർന്നത്.

ചന്ദ്രൻ്റെ കാര്യം പറഞ്ഞപ്പഴാ , അമേരിക്ക 54 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് ആളുകളെ അയച്ചുവത്രെ. പുട്ടും പപ്പടവും കുഴക്കുന്നതിനിടയിൽ അപ്പുട്ടൻ പറഞ്ഞു.

ഹാ, ഇന്ന് രാവിലെയാണത്രെ കുറച്ചേതാണ്ട് പേരുമായി പേടകം പുറപ്പെട്ടത്. ചായക്കടക്ക് മുന്നിലെ വെട്ടുകല്ലിൽ കുന്തിച്ചിരുന്ന് പത്രം വായിക്കുന്ന പഞ്ചായത്ത് മെമ്പർ കോമളൻ പറഞ്ഞു.

ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ യാത്രയിൽ അറിയാൻ പറ്റുമത്രെ, ഗോപി നായർ കൈയിലെ പൊടിക്കുപ്പി തുറന്ന് മൂക്കിൽ കയറ്റിക്കൊണ്ട് പറഞ്ഞു.

ഇങ്ങക്ക് വല്ല പ്രാന്തും ഉണ്ടോ? ട്രംപ് അവിടെ യുദ്ധം ചെയ്യാൻ വല്ല ചാൻസുമുണ്ടോന്ന് അറിയാൻ ആളുകളെ വിട്ടതാ . സമോവറിലെക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ സൈതാലിക്ക ഇടപെട്ടു.

അവിടെ ആരോട് യുദ്ധം ചെയ്യാൻ ? അവിടെ മനുഷ്യരൊന്നും ഇല്ലല്ലോ. പുഷ്പൻ്റെ കമൻ്റ്.

അങ്ങോർക്ക് യുദ്ധം ചെയ്യാൻ എതിരാളി വേണമെന്നൊന്നും ഇല്ല. ബഷീർ അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു.

അങ്ങോര് ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ഇറാനുമായുള്ള യുദ്ധം അമേരിക്ക ജയിച്ചു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈലിൽ ന്യൂസ് കണ്ട് കൊണ്ടിരുന്ന എക്സ്-ഗൾഫ് അയ്യപ്പേട്ടൻ പറഞ്ഞു.

ഇയ്യ് ചിത്രം സിനിമ കണ്ടിട്ടുണ്ടടാ, സൈതാലിക്ക അയ്യപ്പേട്ടനോട് ചോദിച്ചു.

ഉണ്ടെങ്കിൽ ?

അതില് മ്മടെ ശ്രീനിവാസൻ ഒരു വെണ്ടക്ക എടുത്ത് സുകുമാരിയോട് ഇതൊരു ഉലയ്ക്കയല്ല എന്ന് പറയുന്നില്ലേ. ഇതെന്താടാ, നിനക്ക് പ്രാന്തായോ എന്ന് സുകുമാരി ചോദിക്കുമ്പോൾ തനിക്ക് പ്രാന്തില്ല എന്ന് സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധിപ്പിക്കാനും വേണ്ടിയാണ് എന്ന് പറയുന്നില്ലേ, അതുപോലെ അങ്ങോര് സ്വയം ബോധ്യപ്പെടാനും അമേരിക്കക്കാരെ ബോധ്യപ്പെടുത്താനും വേണ്ടി ചെയ്യുന്നതാ ഈ രാഷ്ട്രത്തെ അഭിസംബോധന.

അല്ലാ, ഇത്തവണ ഇലക്ഷൻ ചൂട് കുറച്ച് കൂടുതലാണല്ലോ, പക്ഷെ സ്ഥാനാർത്ഥിയെ ഇതുവരെ ഈ വഴിക്ക് ഒന്നും കണ്ടില്ലല്ലോ. കൃഷ്ണ വാര്യർ മടിയിലെ മുറുക്കാൻ ചെല്ലമെടുത്ത് വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതിനിടയിൽ പറഞ്ഞു

സ്ഥാനാർത്ഥി ആ പാടത്തിന് വക്കത്തെ മുട്ടിപ്പാലത്തിൽ 4 ദിവസമായി ഈ പൊരി വെയിലത്ത് ഒറ്റ ഇരുപ്പാ .. ശ്യാമളൻ പറഞ്ഞു.

അതെന്ത് പറ്റി മൂപ്പർക്ക് ? ചായക്കടയിലെ എല്ലാവരും കൂട്ടത്തോടെ ചോദിച്ചു.

എതിർ സ്ഥാനാർത്ഥി സംവാദത്തിന് വരാമെന്ന് പറഞ്ഞ സ്ഥലം അതാണത്രെ. മൂപ്പര് പോയാൽ ഞാൻ വന്നപ്പോൾ നിങ്ങൾ ഒളിച്ചു പോയി എന്ന് എതിരാളികൾ പറയോ പേടിച്ച് ഒറ്റ ഇരുപ്പാണ് പാലത്തിൻമേൽ . ശ്യാമളൻ വിശദീകരിച്ചു.

ചിലരൊക്കെ 3000 -4000 ഒക്കെ ക്ഷേമ പെൻഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇതൊക്കെ കിട്ടോ അവർ ജയിച്ചാൽ . ലോട്ടറി ശങ്കരൻ്റെ സംശയം.

ജയിക്കില്ല എന്ന് ഉറപ്പുള്ളവർക്ക് 10 പവൻ സ്വർണ്ണവും ഓഫർ ചെയ്യാലോ. സൈതാലിക്ക തമാശ പറഞ്ഞു

ഈ പഞ്ചായത്തിലെ തെരുവു നായ ശല്യത്തിന് ഒരു പരിഹാരം വേണമന്ന് ഞാൻ സ്ഥാനാർത്ഥിയോട് പറഞ്ഞിട്ടുണ്ട്. അബ്ദുള്ളക്കയുടെ പ്രശ്‌നം അതായിരുന്നു

വോട്ടുള്ള മനുഷ്യൻമാരെ ശ്രദ്ധിക്കാൻ തന്നെ ഓർക്ക് സമയല്യ, പിന്നെയാ വോട്ടില്ലാത്ത നായ്ക്കൾ, ബഷീറിൻ്റെ കമൻ്റ്.

നേരം ഇമ്മിണിയായി, ആ പാടത്തെ വാഴകൾക്കൊക്കെ ഒരു ഊന്ന് ഇടണം , ഞാനിറങ്ങാ , സുലൈമാൻ പുറത്തേക്കിറങ്ങി.

നല്ല മഴക്കോളുണ്ടല്ലോ, ചായ്പ്പിൻ്റെ പുറത്തിറങ്ങി മാനത്തേക്ക് നോക്കി തോളത്തെ തോർത്തു മുണ്ടെടുത്ത് തലയിൽ കെട്ടി സൈതാലിക്ക പറഞ്ഞു.

ശരി, നാളെ കാണാം ഇക്കാ, ഓരോരുത്തരായി ചായക്കടയിലെ പടിയിറങ്ങി, ഇളകുന്ന ബഞ്ചുകൾ ശൂന്യമായി. ചർച്ചകൾ വീണ്ടും തുടരും..

രാജൻ കിണറ്റിങ്കര

Leave a Reply

Your email address will not be published. Required fields are marked *