സിഡ്നി: ഓസ്ട്രേലിയയിലെ പ്രമുഖ വയോജന പരിചരണ സേവന ദാതാക്കളായ സതേൺ ക്രോസ് കെയർ (NSW & ACT), തങ്ങളുടെ ജീവനക്കാർക്ക് നൽകാനുണ്ടായിരുന്ന 1.17 കോടിയിലധികം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 11.7 മില്യൺ) തിരികെ നൽകാൻ ധാരണയായി. ശമ്പള ഇനത്തിൽ വരുത്തിയ വൻ തുകയുടെ കുറവ് പരിഹരിക്കുന്നതിനായി ഫെയർ വർക്ക് ഒംബുഡ്സ്മാനുമായി (FWO) കോടതി മുഖേന നടപ്പിലാക്കാവുന്ന ഔദ്യോഗിക കരാറിൽ സ്ഥാപനം ഒപ്പുവെച്ചു.
2017 ജൂലൈ മുതൽ 2024 ഒക്ടോബർ വരെയുള്ള ഏഴ് വർഷക്കാലയളവിൽ ആയിരക്കണക്കിന് ജീവനക്കാർക്കാണ് അർഹമായ ശമ്പളം ലഭിക്കാതിരുന്നത്. 2023-ൽ ഒരു ജീവനക്കാരൻ ഓവർടൈം തുകയെക്കുറിച്ച് ഉന്നയിച്ച സംശയത്തെത്തുടർന്ന് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് ഈ വൻ ക്രമക്കേട് പുറത്തുവന്നത്. തുടർന്ന് സ്ഥാപനം തന്നെ വിവരം ഫെയർ വർക്ക് ഒംബുഡ്സ്മാനെ അറിയിക്കുകയായിരുന്നു.
ന്യൂ സൗത്ത് വെയ്ൽസ് (NSW), ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ACT) എന്നിവിടങ്ങളിലായി 54 കമ്മ്യൂണിറ്റികളും റെസിഡൻഷ്യൽ ഹോമുകളും നടത്തുന്ന ഈ ലാഭരഹിത സ്ഥാപനത്തിലെ നേഴ്സുമാർ, ഹോം കെയർ ജീവനക്കാർ, കുക്കുമാർ, അസിസ്റ്റന്റുമാർ, ഫെസിലിറ്റി മാനേജർമാർ തുടങ്ങി വലിയൊരു വിഭാഗം ഈ പിഴവിന്റെ ഇരകളായി.
ശരാശരി 1,716 ഡോളറാണ് ഓരോ ജീവനക്കാരനും തിരികെ ലഭിക്കുന്നത്. എന്നാൽ ചിലർക്ക് ലഭിക്കാനുള്ളത് വളരെ വലിയ തുകകളാണ്. ഒരു ജീവനക്കാരന് മാത്രം ശമ്പളവും സൂപ്പർ ആനുവേഷനും പലിശയും ഉൾപ്പെടെ 44,593 ഡോളർ നൽകാനുണ്ടെന്ന് കണ്ടെത്തി. നിലവിൽ കണ്ടെത്തിയ 3,600-ഓളം ജീവനക്കാർക്കായി 1.01 കോടി ഡോളർ ഇതിനോടകം തന്നെ കൈമാറിക്കഴിഞ്ഞു.
പഴഞ്ചൻ പേറോൾ സംവിധാനവും ഓവർടൈം, വീക്കെൻഡ് പെനാൽറ്റികൾ എന്നിവ കൃത്യമായി കണക്കാക്കുന്നതിൽ പരാജയപ്പെട്ട ഹാജർ രേഖപ്പെടുത്തുന്ന സോഫ്റ്റ്വെയറുമാണ് ഈ പിഴവിന് കാരണമായി സതേൺ ക്രോസ് കെയർ ചൂണ്ടിക്കാട്ടുന്നത്.
ബാക്കിയുള്ള ജീവനക്കാരെ 60 ദിവസത്തിനുള്ളിൽ കണ്ടെത്തി തുക നൽകണമെന്ന് ഫെയർ വർക്ക് ഒംബുഡ്സ്മാൻ കർശന നിർദ്ദേശം നൽകി. അല്ലാത്തപക്ഷം ഈ തുക കോമൺവെൽത്ത് കൺസോളിഡേറ്റഡ് റെവന്യൂ ഫണ്ടിലേക്ക് കണ്ടുകെട്ടും. കൂടാതെ, പേറോൾ സാങ്കേതികവിദ്യ നവീകരിക്കാനും സ്വതന്ത്ര ഓഡിറ്റുകൾ നടത്താനും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ എക്സ്റ്റേണൽ വിസിൽബ്ലോവർ ഹോട്ട്ലൈൻ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
സിഡ്നി, സെൻട്രൽ കോസ്റ്റ്, റിവറിന, സൗത്ത് വെസ്റ്റ് സ്ലോപ്സ്, എ.സി.ടി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സതേൺ ക്രോസ് കെയറിലെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ ജീവനക്കാർക്ക് കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾക്കായി സ്ഥാപനത്തെയോ ഫെയർ വർക്ക് ഇൻഫോ ലൈനെയോ ബന്ധപ്പെടാവുന്നതാണ്. നിയമ നടപടികളോട് സ്ഥാപനം സഹകരിച്ചതിനാലാണ് കടുത്ത ശിക്ഷാനടപടികൾ ഒഴിവാക്കി ഒത്തുതീർപ്പ് കരാറിലേക്ക് നീങ്ങിയതെന്ന് ഒംബുഡ്സ്മാൻ വ്യക്തമാക്കി.

