മോതിഹാരി: ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്മാരടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് തുർകൗളിയ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ചന്ദു കുമാർ, പ്രമോദ് യാദവ്, പരീക്ഷൻ മാഞ്ചി, ഹീരാലാൽ ഭഗത്, സമ്പത്ത് സാഹ എന്നിവരാണ് മരിച്ചത്.സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് 12 പേരെ പിടികൂടിയത്. നാഗാ റായ്, ശങ്കർ സരയ്യ, ജമ്മു ബൈത തുടങ്ങിയവരാണ് അറസ്റ്റിലായ പ്രമുഖർ. കൂടാതെ തുർകൗളിയ ഗ്രാമത്തിലെ ചൗക്കിദാർ ഭാരത് റായിയും അറസ്റ്റിലായിട്ടുണ്ട്.തുർകൗളിയ SHO ഉമാശങ്കർ മാഞ്ചിയെയാണ് സസ്‌പെൻഡ് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്. വ്യാജമദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് പരിശോധന കർശനമാക്കി. 2016 മുതൽ ബീഹാറിൽ മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യ ദുരന്തങ്ങൾ തുടരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

