മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ധനനികുതി (Fuel Excise) കുറയ്ക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിക്ഷേപ ഉപദേശകനും മോട്ട്ലി ഫൂൾ (The Motley Fool) മേധാവിയുമായ സ്കോട്ട് ഫിലിപ്സ്. സെവൻ ന്യൂസ് പോഡ്കാസ്റ്റായ ‘ദി ഇഷ്യു’-വിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സർക്കാരുകളുടെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
ഇന്ധനനികുതി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആംഗസ് ടെയ്ലറുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും അത് നടപ്പിലാക്കിയ ആൽബനീസി സർക്കാരും ഒരുപോലെ തെറ്റായ തീരുമാനമാണ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ആഗോളതലത്തിൽ ഇന്ധനലഭ്യത കുറവായ സാഹചര്യത്തിൽ വില കുറയ്ക്കുന്നത് ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. വില കുറയുമ്പോൾ സ്വാഭാവികമായും ആവശ്യം വർദ്ധിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനനികുതി കുറയ്ക്കുന്നതിലൂടെ ലിറ്ററിന് 32 സെന്റ് വരെ വില കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക കമ്മിയിലേക്കും കടത്തിലേക്കും 2.5 ബില്യൺ ഡോളർ അധികമായി കൂട്ടിച്ചേർക്കുമെന്നും ഈ തുക ഭാവിയിൽ എന്നെങ്കിലും തിരിച്ചടയ്ക്കേണ്ടി വരുമെന്നും ഫിലിപ്സ് ഓർമ്മിപ്പിച്ചു. ആഗോള എണ്ണപ്രതിസന്ധിക്കിടയിൽ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

