ഹൂസ്റ്റൺ: ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന നാസയുടെ ആർട്ടിമിസ് II (Artemis II) ബഹിരാകാശ ദൗത്യം വിജയകരമായി പകുതി ദൂരം പിന്നിട്ടു. ഈ നിർണായക വേളയിൽ ബഹിരാകാശ സഞ്ചാരികൾ പേടകത്തിൽ നിന്നും പകർത്തിയ ഭൂമിയുടെ അപൂർവ്വ ചിത്രം നാസ പുറത്തുവിട്ടു.
അറ്റ്‌ലാന്റിക് സമുദ്രഭാഗം വ്യക്തമായി കാണാവുന്ന, കടും നീലനിറത്തിലുള്ള ഭൂമിയുടെ ചിത്രത്തിന് ‘ഹലോ വേൾഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ഈ ചിത്രം പകർത്തിയത്. ശനിയാഴ്ച ഉച്ചയോടെയുള്ള കണക്കനുസരിച്ച് പേടകം ഭൂമിയിൽ നിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു. ചന്ദ്രനിലേക്ക് ഇനി ഏകദേശം 2,11,200 കിലോമീറ്റർ ദൂരമാണ് അവശേഷിക്കുന്നത്.റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ (Orion) പേടകത്തിലുള്ളത്.ദൗത്യം പകുതി ദൂരം പിന്നിട്ട വിവരം അറിഞ്ഞപ്പോൾ സഞ്ചാരികളെല്ലാം വലിയ ആവേശത്തിലാണെന്ന് ക്രിസ്റ്റീന കോച്ച് അറിയിച്ചതായി നാസ റിപ്പോർട്ട് ചെയ്യുന്നു.
50 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആർട്ടിമിസ് II. ഈ ദൗത്യത്തിൽ സഞ്ചാരികൾ ചന്ദ്രനെ ഭ്രമണം ചെയ്ത് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. ഇതിന് പിന്നാലെ വരുന്ന ആർട്ടിമിസ് III ദൗത്യത്തിലായിരിക്കും മനുഷ്യൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.

