ഇറാൻ യുദ്ധത്തെ എതിർത്ത് ട്രംപിന്റെ മകൻ; പിതാവിനോട് സൈനിക നീക്കം വേണ്ടെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയർ തുടക്കംമുതൽ എതിർത്തിരുന്നതായി റിപ്പോർട്ട്. ഇറാനെതിരേ സൈനിക നടപടി ആരംഭിക്കരുതെന്ന് പിതാവിനോട് സ്വകാര്യ സംഭാഷണങ്ങളിൽ ആവശ്യപ്പെട്ടതായാണ് ദി അറ്റ്ലാന്റിക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളോട് ദീർഘകാലമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന നിലപാടാണ് ട്രംപ് ജൂനിയറിനുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ ട്രംപ് ജൂനിയർ തയാറായിട്ടില്ല. പിതാവിന്റെ നിലപാടിനെ പരസ്യമായി എതിർക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അമേരിക്കയെ മറ്റൊരു മധ്യപൂർവേഷ്യൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന നിലപാടാണ് ട്രംപ് ജൂനിയർ സ്വീകരിച്ചിരുന്നത്.

അമേരിക്കൻ ഭരണകൂടത്തിനുള്ളിലും ഇറാനെതിരായ സൈനിക നീക്കത്തിന്റെ വ്യാപ്തിയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും സൈനിക നീക്കത്തിന്റെ തന്ത്രത്തെയും പരിധിയെയും കുറിച്ച് തുടക്കത്തിൽ ആശങ്കകൾ ഉന്നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ട്രംപ് ഭരണകൂടത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇന്ധനവില വർധനയും ഊർജവിപണിയിലെ തടസ്സങ്ങളും അമേരിക്കൻ കുടുംബങ്ങളുടെ ചെലവ് വർധിപ്പിച്ചിട്ടുണ്ട്. ഇറാൻ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെ 65 ശതമാനം അമേരിക്കക്കാർ അംഗീകരിക്കുന്നില്ലെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ സർവേ വ്യക്തമാക്കുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, ട്രംപ് ജൂനിയറിന്റെ നിലപാടിനെക്കുറിച്ച് വൈറ്റ് ഹൗസ് നേരിട്ട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *