മംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളും നാലുവയസ്സുകാരിയായ മകളും മരിച്ചു. സിദ്ധാപുരയ്ക്ക് സമീപം ബാഡഗ ബനംഗലയിൽ ചൊവ്വാഴ്ച രാത്രി നടന്ന അപകടത്തിൽ സിദ്ധാപുര ഹൈസ്കൂൾ പൈസാരി സ്വദേശികളായ കെ. വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (4) എന്നിവരാണ് മരിച്ചത്.
സിദ്ധാപുരയിൽനിന്ന് ബനംഗലയിലെ താമസസ്ഥലത്തേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നത് കാഴ്ചപരിധി കുറച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികളാണ് കുളത്തിൽ കാർ മുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചു. പരിശോധനയിൽ കാറിനുള്ളിൽനിന്ന് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ സിദ്ധാപുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

