ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ നിജ്‌കെർക്ക് (Nijkerk) നഗരത്തിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ അനുകൂല ക്രൈസ്തവ സംഘടനയുടെ ഓഫീസിന് പുറത്ത് സ്ഫോടനം. ‘ക്രിസ്റ്റ്യൻസ് ഫോർ ഇസ്രായേൽ’ (Christians for Israel) എന്ന സംഘടനയുടെ ആസ്ഥാനമായ ‘ഇസ്രായേൽ സെന്ററിന്’ നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം
സ്ഫോടനത്തിൽ കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടന സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.കറുത്ത വസ്ത്രം ധരിച്ച ഒരാൾ സ്ഫോടകവസ്തു സ്ഥാപിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഈസ്റ്റർ ആഘോഷങ്ങളുടെ തലേദിവസം നടന്ന ഈ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് സംഘടന പ്രതികരിച്ചു. സമൂഹത്തിൽ ഭീതി പടർത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു.
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യൂറോപ്പിലും ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിക്കുന്നത്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ക്രൈസ്തവ സംഘടനകളെ കൂടി ലക്ഷ്യം വയ്ക്കുന്ന രീതിയിലേക്ക് ഇത്തരം സംഭവങ്ങൾ മാറുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്

