ലഖ്‌നൗ: ഉത്തർപ്രദേശിലെ കുഷിനഗറിൽ നടത്തിയ പ്രത്യേക ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെ ഐഎസ് (ISIS) ബന്ധമുള്ള ഭീകരൻ റിസ്വാൻ അഹമ്മദിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡും (ATS) സംയുക്തമായാണ് ഇയാളെ പിടികൂടിയത്.കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഡൽഹിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
2015 മുതൽ ഇയാൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കുള്ളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും ഇയാൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇയാളുടെ ചോദ്യം ചെയ്യലിലൂടെ തീവ്രവാദ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.ഇയാളിൽ നിന്ന് ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തെളിയിക്കുന്ന രേഖകൾ, ജിഹാദി സാഹിത്യങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2015-ലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. അന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഇയാൾ തടവിൽ കഴിഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ വീണ്ടും ഭീകര ശൃംഖലകൾ സജീവമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു.

