സോഷ്യൽ മീഡിയയിൽ തരംഗമായി ഐഓസി (യു കെ)യുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം

മിഡ്ലാന്ഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) കേരള ചാപ്റ്റർ മിഡ്ലാന്ഡ്സ് ക്യാമ്പയിൻ കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വീഡിയോ ഗാനം പുറത്തിറങ്ങി. “പടയൊരുക്കം – മാറ്റത്തിനായി ഒരുമിക്കാം” എന്ന ആശയവുമായി പുറത്തിറങ്ങിയ ഈ ഗാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദമായി സംസ്ഥാനത്ത് തുടരുന്ന ഇടതുപക്ഷ ഭരണത്തിന്റെ നയങ്ങളെ വിമർശിക്കുകയും, രാഷ്ട്രീയ മാറ്റത്തിനായുള്ള ആവശ്യം ഉയർത്തുകയും ചെയ്യുന്ന സന്ദേശമാണ് ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലും വിദേശരാജ്യങ്ങളിലുമായി നിരവധി യു ഡി എഫ് നേതാക്കൾ ഐ ഓ സി (യുകെ) പുറത്തിറക്കിയ ഗാനത്തിന് പിന്തുണയും ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗാനത്തിന്റെ വരികൾ ഒരുക്കിയത് യു കെയിലെ കോൺഗ്രസ്‌ നേതാവായ ഫിലിപ്പ് കെ ജോൺ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ഫെമിൻ ഫ്രാൻസിസ്. യുവ ഗായിക ശ്രദ്ധ ദിനേശാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോസഫ് പി ടി നിർവഹിച്ചപ്പോൾ, മിക്സിംഗ് നിർവഹിച്ചത് അരുൺ കെ പി ആണ്. മെട്രോ സ്റ്റുഡിയോയാണ് ഗാനത്തിന്റെ റെക്കോർഡിംഗിനും നിർമ്മാണത്തിനും പിന്നിൽ പ്രവർത്തിച്ചത്.

ഐഓസി (യുകെ) കേരള ചാപ്റ്റർ മിഡ്ലാന്ഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ രൂപീകരിച്ച പ്രവർത്തകസംഘവും സോഷ്യൽ മീഡിയ ടീമും 140 മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ തുടരുന്നു. മണ്ഡലം അടിസ്ഥാനത്തിൽ അവലോകന യോഗങ്ങളും ചർച്ചകളും ഉൾപ്പടെ ശക്തമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിൻ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്നത്. 

ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, സോണി ചാക്കോ, അനുരാഗ് എ ആർ, സൈമൺ ചെറിയാൻ, മിഥുൻ മോഹൻ, ഷിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത്. 

പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീഡിയോ പരമാവധി ആളുകളിൽ എത്തിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. “കേരളം ജയിക്കും, യു ഡി എഫ് നയിക്കും” എന്ന മുദ്രാവാക്യത്തോടെ ക്യാമ്പയിൻ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതായും സംഘാടകർ വ്യക്തമാക്കി.

റോമി കുര്യാക്കോസ് 

Leave a Reply

Your email address will not be published. Required fields are marked *