തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വിതറിയ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ഏപ്രിൽ 9 വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, അവസാന വട്ട വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ഇന്ന് വൈകുന്നേരം നടക്കുന്ന കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും.
പരസ്യപ്രചാരണം അവസാനിക്കുന്നതോടെ ഇനി വോട്ടെടുപ്പ് വരെയുള്ള സമയം നിശബ്ദ പ്രചാരണത്തിന്റേതാണ്. വീടുകൾ സന്ദർശിച്ചും വ്യക്തിപരമായ ബന്ധങ്ങൾ വഴിയും വോട്ട് ഉറപ്പിക്കാനായിരിക്കും സ്ഥാനാർത്ഥികളുടെ ശ്രമം. മൈക്ക് അനൗൺസ്‌മെന്റുകളോ വലിയ ജാഥകളോ ഇനി അനുവദിക്കില്ല.
ഏപ്രിൽ 9-നാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ.ദേശീയ-സംസ്ഥാന നേതാക്കളുടെ വൻ നിരതന്നെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. റോഡ് ഷോകളും പൊതുസമ്മേളനങ്ങളും കൊണ്ട് മണ്ഡലങ്ങൾ സജീവമായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സംസ്ഥാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. മദ്യവിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

