വിഷു സമ്മാനമായി കണിക്കൊന്നയുടെ ഐതിഹ്യം പറയുന്ന ശ്രീകൃഷ്ണ ഭക്തിഗാനം പുറത്തിറങ്ങി

കൊച്ചി: വിഷു റിലീസായി മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ പുതിയ ശ്രീകൃഷ്ണ ഭക്തിഗാനം കെ.ആർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. കണിക്കൊന്നയുടെ ഐതിഹ്യത്തെ ആസ്പദമാക്കി അതീവ ഹൃദ്യമായ രീതിയിലാണ് ഈ സംഗീതശില്പം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രസിദ്ധ ചാക്യാർകൂത്ത് കലാകാരൻ ഡോ. എടനാട് രാജൻ നമ്പ്യാർ വീഡിയോയിൽ കഥാവിഷ്കാരം നടത്തിയിരിക്കുന്നു. അന്തർദേശീയ തലത്തിലുൾപ്പെടെ പതിനായിരത്തിലധികം വേദികളിൽ കലാവതരണം നടത്തിയിട്ടുള്ള അദ്ദേഹം ഒരു ആത്മീയ പ്രഭാഷകനും മജീഷ്യനും ‘പ്രിയ കൃഷ്ണനൊരു കത്ത്’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

ഫ്ലവേഴ്സ് ടോപ്പ് സിംഗറിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ മാസ്റ്റർ പാർത്ഥിവ് പ്രശാന്ത് നായരും പ്രശസ്ത വീണ ആർട്ടിസ്റ്റ് രശ്മി പ്രദീപും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിൽ കൃഷ്ണനായി അഭിനയിച്ചിരിക്കുന്നതും പാർത്ഥിവ് തന്നെയാണ്. എഴുത്തുകാരിയായ ഷാനു ജിതൻ അമ്മയുടെ വേഷത്തിൽ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

കാർത്തിക താന്നിക്കന്റെ ആശയത്തിന് സുനിത കൊങ്കോട്ട് ആണ് വരികൾ രചിച്ചിരിക്കുന്നത്. കാർത്തിക താന്നിക്കനും പ്രശാന്ത് നായരും ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴലും ഹരി തൃപ്പൂണിത്തറയുടെ ഇടയ്ക്കയും ഗാനത്തിന് മാസ്മരികതയേകുന്നു.

അഖിലേഷ് ഉണ്ണി സംവിധാനം ചെയ്ത ഈ വീഡിയോയുടെ ഛായാഗ്രഹണം ഗോകുൽ കൃഷ്ണയും എഡിറ്റിങ് ശ്രീജിത്ത് ആന്റണി കെയും നിർവഹിച്ചു. പ്രോഗ്രാമിങ്: വിൽസൺ കെ.എക്സ്, റിഥം: സന്ദീപ് എൻ. വെങ്കിടേഷ്, പ്രൊഡക്ഷൻ മാനേജർ: എലിസബത്ത് ജോസ്, പോസ്റ്റർ: ഷെറിൻ.

ശ്രീകൃഷ്ണ ഭക്തർക്കിടയിൽ ഏറെ പ്രചാരമുള്ള കണിക്കൊന്നയുടെ കഥ പറയുന്ന ഈ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഗാനം ആസ്വദിക്കുന്നതിനായുള്ള ലിങ്ക് ചുവടെ

https://youtu.be/Kl3YMWS3ARU?si=3rfKIKP3R-M_Vk-w https://youtu.be/lxJJoV8icOE?si=SMSktIu8aljYO79e

Leave a Reply

Your email address will not be published. Required fields are marked *