സിഡ്നി: വെസ്റ്റേൺ സിഡ്നിയിലെ പെൻറിത്തിന് സമീപമുള്ള ജാമിസൺടൗണിലെ 137 വർഷം പഴക്കമുള്ള പള്ളി വിറ്റതിനെച്ചൊല്ലി പ്രാദേശിക സമൂഹവും സഭയും തമ്മിൽ തർക്കം രൂക്ഷമാകുന്നു. യുണൈറ്റിംഗ് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന ഈ പുരാതന മന്ദിരം ഏകദേശം 3 മില്യൺ ഡോളറിനാണ് ഒരു സ്വകാര്യ ഡെവലപ്പർക്ക് കൈമാറിയത്. ഈ സ്ഥലത്ത് ടൗൺ ഹൗസുകളോ വില്ലകളോ നിർമ്മിക്കാനാണ് പുതിയ ഉടമയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
പള്ളി പൊളിച്ചുമാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. “ഞങ്ങളുടെ ചരിത്രത്തെ രക്ഷിക്കൂ, ഈ പള്ളിയെ രക്ഷിക്കൂ” എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. പള്ളി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അമൻഡ ഡേവിസ് എന്ന യുവതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിവേദനത്തിൽ ഇതിനോടകം ആയിരത്തിലധികം പേർ ഒപ്പിട്ടുകഴിഞ്ഞു.
യഥാർത്ഥത്തിൽ ഒരു സൺഡേ സ്കൂളായി നിർമ്മിക്കപ്പെട്ട ഈ പള്ളിയിൽ അക്കാലത്തെ മനോഹരമായ സ്റ്റെയിൻഡ് ഗ്ലാസ് ജനലുകളും തടികൊണ്ട് നിർമ്മിച്ച മേൽക്കൂരയുമുണ്ട്. കൂടാതെ, യുദ്ധത്തിൽ പങ്കെടുത്ത പ്രാദേശിക വീരന്മാരുടെ പേരുകൾ കൊത്തിവെച്ച ‘ഓണർ റോൾ’ ഉൾപ്പെടെയുള്ള ചരിത്രരേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പള്ളി അടച്ചുപൂട്ടിയത്.
പെൻറിത്ത് മേഖലയിൽ അവശേഷിക്കുന്ന ഇത്തരം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പുരാവസ്തു ഗവേഷകയായ ലിൻ വില്യംസ് അഭിപ്രായപ്പെട്ടു. ഇതിന് മുൻപ് എമു പ്ലെയിൻസിലെ പഴയ പോലീസ് കോട്ടേജ് തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി ഒരു കഫേയായി മാറ്റി സംരക്ഷിച്ചത് ഇവർ ചൂണ്ടിക്കാട്ടുന്നു. പള്ളി പൊളിക്കാതെ തന്നെ അത് പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. വിഷയം ശ്രദ്ധയിൽപ്പെട്ട പെൻറിത്ത് കൗൺസിലിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് നാട്ടുകാർ

