തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശുപത്രിയുടെ പഴയ ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയിലുള്ള മരുന്നുകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിനാണ് തീപിടിച്ചത്.​തീപിടിത്തത്തെ തുടർന്ന് ആശുപത്രി കെട്ടിടത്തിലാകെ കനത്ത പുക പടർന്നത് പരിഭ്രാന്തി പരത്തി. ഈ സമയത്ത് ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന 11 രോഗികളെയും പ്രസവ വാർഡിലുണ്ടായിരുന്നവരെയുമടക്കം എല്ലാ രോഗികളെയും ജീവനക്കാരെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ലേബർ റൂമിലുണ്ടായിരുന്ന ഒരു ഗർഭിണിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അവിടെ അവർ സുഖപ്രസവം നടത്തി.​അരൂർ, ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റോർ റൂമിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്ക് മുന്നിലെ ദേശീയപാതയിൽ രക്ഷാപ്രവർത്തനത്തെ തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കൃത്യസമയത്ത് രോഗികളെ ഒഴിപ്പിക്കാനായതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *