തൃശൂർ: കടകശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കടകശേരി സ്വദേശിനി സഫിയ (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സഫിയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. മകൾക്കൊപ്പമാണ് സഫിയ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മകൾ ഭർത്താവിന്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ സഫിയ വീട്ടിൽ തനിച്ചായിരുന്നു. മകൾ വീട്ടിലില്ലാത്ത സമയങ്ങളിൽ സഫിയ അടുത്തുള്ള ബന്ധുവീട്ടിൽ പോയി താമസിക്കാറാണ് പതിവ്. എന്നാൽ രാത്രി വൈകിയും സഫിയ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ മൂക്കിൽ നിന്ന് രക്തം ഒലിച്ച നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ മറ്റ് മുറിവുകളുമുണ്ടായിരുന്നു. വീടിനുള്ളിലെ സാധനങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് പോലീസ് ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

