നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങൾ; അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക സംഘം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു.നിതിൻ രാജിന്റെ മരണത്തിന് കാരണം കോളേജിലെ അധ്യാപകരുടെ മാനസിക പീഡനമാണെന്ന ആരോപണം വിദ്യാർത്ഥികൾക്കിടയിൽ ശക്തമാണ്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം ഉൾപ്പെടെയുള്ള അധ്യാപകർ നിതിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. കേസിൽ പ്രതികളായ വകുപ്പ് മേധാവി അടക്കം രണ്ട് അധ്യാപകർ നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.അതേസമയം, നിതിന്റെ മരണം ലോൺ ആപ്പുകൾ വഴിയുള്ള സാമ്പത്തിക പ്രയാസം മൂലമുണ്ടായ ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ അധ്യാപകരുടെ പീഡനമാണ് മരണത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ഉറപ്പിച്ചു പറയുന്നു. മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കോളേജിലെത്തി വിശദമായ പരിശോധനകളും മൊഴിയെടുപ്പും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *