ആംബുലൻസ് വൈകി; മധ്യപ്രദേശിൽ വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

മധ്യപ്രദേശിലെ റെയ്‌സണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സക്കിടെ മരിച്ചു. ‘സ്വർൺ മംഗളം’ മാസികയുടെ എഡിറ്ററായ ദീപക് സോണിയാണ് മരിച്ചത്. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാകാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.റെയ്‌സണിൽ നടന്ന ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ദീപക് സോണിക്ക് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി ദീപക്കിനെ ഭോപ്പാലിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. ഒടുവിൽ സ്വകാര്യ വാഹനത്തിലാണ് അദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയിൽ എത്തിച്ചത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ പങ്കെടുത്ത വിഐപി പരിപാടികൾക്കായി ആംബുലൻസുകൾ മാറ്റിവെച്ചതിനാലാണ് തങ്ങൾക്ക് ആംബുലൻസ് ലഭിക്കാതിരുന്നതെന്ന് കുടുംബം ആരോപിച്ചു.

എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നതായും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.വിഐപി സന്ദർശനങ്ങൾക്കായി അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ തടസ്സപ്പെടുത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *