ഹാരിയും മേഗനും ഓസ്‌ട്രേലിയയില്‍; സന്ദര്‍ശനം മെല്‍ബണില്‍ നിന്ന് ആരംഭിച്ചു

മെൽബൺ: ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ഔദ്യോഗിക ബന്ധം ഒഴിഞ്ഞ ശേഷം ആദ്യമായി ഹാരി രാജകുമാരനും മേഗൻ മർക്കിളും നാല് ദിവസത്തെ സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തി. ഇന്ന് പുലർച്ചെ 6:30-ന് ലോസ് ഏഞ്ചൽസിൽ നിന്നുള്ള വാണിജ്യ വിമാനത്തിലാണ് ഇരുവരും മെൽബണിൽ ഇറങ്ങിയത്. 2018-ലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ദമ്പതികൾ ഓസ്‌ട്രേലിയയിൽ എത്തുന്നത്.

മെൽബണിലെ റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ സന്ദർശിച്ചുകൊണ്ടാണ് അവർ തങ്ങളുടെ പര്യടനത്തിന് തുടക്കമിട്ടത്. 1985-ൽ ഹാരിയുടെ മാതാവ് ഡയാന രാജകുമാരിയും അന്ന് പ്രിൻസ് ഓഫ് വെയിൽസായിരുന്ന ചാൾസ് രാജാവും സന്ദർശിച്ച അതേ ആശുപത്രിയാണിത് എന്നത് ശ്രദ്ധേയമായി. ആശുപത്രിയിലെത്തിയ ഹാരിയും മേഗനും കുട്ടികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ഏറെ നേരം ചിലവഴിക്കുകയും സെൽഫികൾ എടുക്കുകയും ചെയ്തു. ലിലി എന്ന നാല് വയസ്സുകാരിയായ രോഗി മേഗന് പൂക്കൾ നൽകി സ്വീകരിച്ചു.

തങ്ങളുടെ ഈ പര്യടനം പൂർണ്ണമായും സ്വകാര്യ ധനസഹായത്തോടെയുള്ളതാണെന്ന് ഹാരിയും മേഗനും വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സിഡ്‌നി, കാൻബറ എന്നിവിടങ്ങളിലും ഇവർ സന്ദർശനം നടത്തും. മാനസികാരോഗ്യം, കമ്മ്യൂണിറ്റി സപ്പോർട്ട്, വിമുക്ത ഭടന്മാരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾക്കാണ് സന്ദർശനത്തിൽ മുൻഗണന നൽകുന്നത്. മെൽബണിലെ സ്ത്രീകളുടെ ഷെൽട്ടർ ഹോമിലും ആസ്‌ട്രേലിയൻ വാർ മെമ്മോറിയലിലും ഇരുവരും സന്ദർശനം നടത്തും. കൂടാതെ സിഡ്‌നി ഹാർബറിൽ നടക്കുന്ന ഇൻവിക്റ്റസ് ഓസ്‌ട്രേലിയ സെയിലിംഗ് ഇവന്റിലും ഇവർ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *