സിഡ്‌നി: കുടിയേറ്റ സംവിധാനത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ പുതിയ ‘ഓസ്‌ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാൻ’ (Australian Values Migration Plan) പ്രഖ്യാപിച്ചു. മെൻസീസ് റിസർച്ച് സെന്ററിൽ നടത്തിയ പ്രസംഗത്തിലാണ്, അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന കർശനമായ കുടിയേറ്റ നയത്തിന്റെ ആദ്യഘട്ടം അദ്ദേഹം വിശദീകരിച്ചത്. രാജ്യത്തിന്റെ മൂല്യങ്ങൾ അംഗീകരിക്കാത്തവർക്കും നിയമം ദുരുപയോഗം ചെയ്യുന്നവർക്കും നേരെ വാതിലടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഇതിലെ പ്രധാന വശമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ഉറപ്പുനൽകുന്ന ‘ഓസ്‌ട്രേലിയൻ വാല്യൂസ് സ്റ്റേറ്റ്‌മെന്റ്’ വിസ നിയമങ്ങളുടെ അവിഭാജ്യ ഘടകമാക്കുമെന്ന് ടെയ്‌ലർ പറഞ്ഞു. ഈ വ്യവസ്ഥ ലംഘിക്കുന്നവരുടെ വിസ റദ്ദാക്കി അവരെ നാടുകടത്താൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. നിലവിൽ ലേബർ സർക്കാരിന് കീഴിൽ കുടിയേറ്റ സംവിധാനം താറുമാറായെന്നും കുടിയേറ്റക്കാരുടെ എണ്ണം പരിധി വിട്ടെന്നും അദ്ദേഹം വിമർശിച്ചു. സ്ഥിരതാമസത്തിന് (Permanent Visa) അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ ചിന്താഗതിയുള്ളവർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ കർശനമായ സ്ക്രീനിംഗ് സംവിധാനം ഏർപ്പെടുത്തും. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നത് വരും കാലങ്ങളിൽ പതിവാക്കാനാണ് തീരുമാനം. ഇതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്സിനു കീഴിൽ പ്രത്യേക ‘എൻഹാൻസ്ഡ് സ്ക്രീനിംഗ് കോർഡിനേഷൻ സെന്റർ’ (Enhanced Screening Coordination Centre) സ്ഥാപിക്കും.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത 65,000-ഓളം പേരെ കണ്ടെത്തി പുറത്താക്കാൻ പ്രത്യേക നിയമ നിർവ്വഹണ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അപ്പീൽ നൽകി കുടിയേറ്റ സംവിധാനത്തെ കബളിപ്പിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ടെയ്‌ലർ താക്കീത് നൽകി. എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഗ്രീൻസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചത്. ഈ നയം രാജ്യത്തെ വിഭജിക്കുമെന്നും 1960-കളിൽ ഉപേക്ഷിച്ച ‘വൈറ്റ് ഓസ്‌ട്രേലിയ’ നയത്തിന്റെ പുതിയ രൂപമാണെന്നും ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് ആരോപിച്ചു.

