ഒഡേസ: യുക്രെയ്നിലെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഒഡേസ പ്രവിശ്യയിലെ ഇസ്മായിൽ തുറമുഖത്തിന് നേരെ റഷ്യ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു വിദേശ ചരക്കുകപ്പലിനും നാശനഷ്ടങ്ങൾ സംഭവിച്ചതായി യുക്രേനിയൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാനമയുടെ പതാകയുള്ള ‘ലേഡി മാരിസ്’ (LADY MARIS) എന്ന സിവിലിയൻ ചരക്കുകപ്പലിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. ചോളം കയറ്റാനായി ചോർണോമോർസ്ക് (Chornomorsk) തുറമുഖത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ഈ കപ്പൽ. ആക്രമണത്തെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തുറമുഖത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്നും യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഒലെക്സി കുലേബ വ്യക്തമാക്കി. ആഗോള ഭക്ഷ്യസുരക്ഷയെ തകർക്കുന്നതിനും യുക്രെയ്നിന്റെ കയറ്റുമതി തടയുന്നതിനുമാണ് റഷ്യ സിവിലിയൻ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യം വെക്കുന്നതെന്ന് യുക്രെയ്ൻ ആരോപിച്ചു

