റോം: ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണ കരാറിന്റെ കാലാവധി താനേ പുതുക്കേണ്ടതില്ലെന്ന് ഇറ്റലി തീരുമാനിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യങ്ങളും ലെബനനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുമാണ് ഇറ്റലിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ചൊവ്വാഴ്ച വെറോണയിൽ വെച്ച് ഈ നിർണ്ണായക തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായിരുന്ന ഇറ്റലിയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
2003-ൽ ഒപ്പുവെച്ച ഈ കരാർ പ്രതിരോധ വ്യവസായം, സൈനിക പരിശീലനം, സാങ്കേതിക വിവരങ്ങൾ പങ്കുവെക്കൽ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതായിരുന്നു. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇത് താനേ പുതുക്കപ്പെടുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കാലാവധി അവസാനിച്ച കരാർ പുതുക്കേണ്ടതില്ലെന്ന് ഇറ്റലി തീരുമാനിക്കുകയായിരുന്നു
ഇറ്റലിയുടെ തീരുമാനം ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നയതന്ത്ര പരാജയമാണെന്ന് ഇസ്രായേലിലെ പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. അതേസമയം, തങ്ങളുടെ സുരക്ഷയെ ഈ തീരുമാനം ബാധിക്കില്ലെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും മുൻഗണന നൽകുന്നതിനാലാണ് ഈ മാറ്റമെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി.

