നാഗർകോവിൽ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിൽ മെഗാ റോഡ് ഷോ നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ റോഡ് ഷോയാണിത്. വൈകുന്നേരം നാഗർകോവിൽ നഗരത്തിലൂടെ നടക്കുന്ന പര്യടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.
റോഡ് ഷോയ്ക്ക് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ തമിഴ്‌നാടിനായുള്ള പ്രത്യേക തിരഞ്ഞെടുപ്പ് പത്രിക ‘താമരൈ വാക്കുരുതി’ (താമര വാഗ്ദാനം) പുറത്തിറക്കി. റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, വർഷത്തിൽ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, കർഷകർക്ക് പ്രതിവർഷം 9000 രൂപ ധനസഹായം തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ തുടങ്ങിയ പ്രമുഖ നേതാക്കളും റോഡ് ഷോയിൽ പങ്കുചേരും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മറുപടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് സേലത്തും കാരിമംഗലത്തും പര്യടനം നടത്തുന്നുണ്ട്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കന്യാകുമാരി ജില്ലയിലും നാഗർകോവിൽ നഗരത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ തന്നെ റോഡ് ഷോ നടക്കുന്ന വഴികളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരം വഴിയാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാഗർകോവിലിൽ എത്തുന്നത്.നാഗർകോവിൽ, കില്ലിയൂർ, പത്മനാഭപുരം തുടങ്ങിയ മേഖലകളിൽ നിന്നുള്ള എൻഡിഎ പ്രവർത്തകരുടെ വലിയൊരു നിര തന്നെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കുന്ന തമിഴ്‌നാട്ടിൽ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

