കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ നിർദ്ദേശം നൽകി. സംഭവത്തിൽ സർവകലാശാലയോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനവും ജാതി അധിക്ഷേപവുമാണെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്നാണ് ഗവർണറുടെ ഇടപെടൽ. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി രണ്ട് അധ്യാപകരെ ഇതിനോടകം സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ദേശീയ പട്ടികജാതി കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും നിർദ്ദേശിക്കുകയും ചെയ്തു.
നിതിന്റെ മരണത്തെത്തുടർന്ന് കണ്ണൂരിലും തിരുവനന്തപുരത്തും വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ക്യാമ്പസുകളിലെ ജാതിവിവേചനത്തിനെതിരെ കർശന നിയമങ്ങൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജിനെ കഴിഞ്ഞ ദിവസമാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

