കണ്ണൂർ: ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ പത്ത് സി.പി.എം പ്രവർത്തകർക്ക് കഠിനതടവ് വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി. ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. മറ്റ് ഒൻപത് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പത്ത് വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
ബിനുവിനെ കൂടാതെ എം.കെ. പ്രദീപ് കുമാർ, പി.പി. സത്യൻ, സി.പി.എം പഞ്ചായത്ത് അംഗം പി.വി. ബാബുരാജ്, ഇ.കെ. വിനോദ് കുമാർ, വിജയൻ, കെ.പി. സുരേഷ്, ടോബി, ശിവപ്രകാശ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കോടതി ശിക്ഷിച്ചതോടെ പഞ്ചായത്ത് അംഗമായ പി.വി. ബാബുരാജ് അയോഗ്യനാകും.
നവംബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ ആലക്കോട് തിമിരി അവർ കോളേജിന് സമീപത്ത് വെച്ച് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ പ്രതികൾ ബോംബെറിയുകയായിരുന്നു.
പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബോംബേറിൽ കലാശിച്ചത്. ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.കോടതി വിധി വന്നതിനെത്തുടർന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കർശന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

