കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിലെ തങ്ങളുടെ ആദ്യ ഹോം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഇന്ന് കളത്തിലിറങ്ങും. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്റുള്ള ജംഷഡ്പുർ എഫ്‌സി പട്ടികയിൽ നാലാം സ്ഥാനത്താണ്. എന്നാൽ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റുമായി 13-ാം സ്ഥാനത്താണ്. പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലുള്ളത് ഇതുവരെ ജയമൊന്നും നേടാത്ത മുഹമ്മദൻ എസ്സി മാത്രമാണ്.
ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേറ്റ ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ മത്സരമാണിത്. വെസ്റ്റ്‌വുഡിന് കീഴിൽ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ടീം നാല് പോയിന്റ് നേടിയിട്ടുണ്ട്.
ബംഗളൂരു എഫ്‌സിക്കെതിരെ അവരുടെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നേടിയ എവേ ജയം ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിൽ വച്ച് അവരെ തോൽപ്പിക്കുന്നത്.സ്വന്തം ആരാധകർക്ക് മുന്നിൽ ഈ സീസണിലെ ആദ്യ വിജയം കുറിച്ച് പോയിന്റ് പട്ടികയിൽ മുന്നേറാനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ലക്ഷ്യമിടുന്നത്. ജംഷഡ്പുരാകട്ടെ, മികച്ച ഫോം നിലനിർത്തി ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

